ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ചാലക്കുടിയുടെ ചരിത്രനാമത്തെ കുറിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ പ്രധാനമായും 2 അഭിപ്രായങ്ങൾ നിലവിലുണ്ട്. ജ്യോതിഷ സംഹിത എന്ന ആധികാരിക ഗ്രന്ഥത്തിൽ 'ശാലാധ്വജം' (ശാലക്കൊടി) എന്ന് കാണുന്നു. ഇന്നത്തെ ചാലക്കുടി പുഴയുടെ തീരത്ത് പണ്ട് അനേകം യാഗങ്ങൾ നടന്നിരുന്നു. യാഗമൃഗങ്ങളെ കെട്ടുന്ന സ്തംഭത്തിന് യൂപം എന്ന് പേര് പറഞ്ഞിരുന്നതായി ഐതിഹ്യമുണ്ട്. ആ യൂപം യാഗശാലയുടെ ധ്വജം (കൊടിമരം) ആണ്. യാഗശാലയ്ക്ക് പ്രതാപവും പ്രാധാന്യവും പാവനത്വവും കൽപ്പിച്ചിരുന്നതിനാൽ ചുറ്റുമുള്ള പ്രദേശത്തെ ശാലക്കൊടി എന്ന് വിളിച്ചിരുന്നു. ഇവിടുത്തെ ഒരു പുരാതന ക്രിസ്തീയ ദേവാലയമായ ഫെറോനപ്പള്ളിയിലെ മണിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശാലക്കൊടി എന്ന പദം ക്രമേണ ചാലക്കുടിയായി മാറിയിരിക്കാം.
സംഘസാഹിത്യ ഗ്രന്ഥങ്ങളിൽ ചാലക്കുടി പുഴയെ ചോള്ള്യാർ എന്ന് വിളിക്കുന്നു. ഇത് മൂലവും ചോള്യാറിന്റെ തീരത്തുള്ള സ്ഥലത്തിന് ചാലക്കുടി എന്ന പേര് വീണതായി അനുമാനിക്കാം.
ചാലക്കുടിയും സമീപ പ്രദേശങ്ങളും ഒരു കാലത്ത് മലകളും കൃഷിയിടങ്ങളുമായിരുന്നു. ആദിവാസി സമൂഹത്തിന്റെ ജീവനകേന്ദ്രമായിരുന്നുവത്രേ ചാലക്കുടി. കൊയ്ത്തിന് ശേഷം ആദിവാസികൾ കാലികളിൽ കൂടുകൾ കെട്ടി താമസിച്ചിരുന്നുവത്രെ. അതിൽ നിന്നും കാലിക്കുടിയും പിന്നീട് ചാലക്കുടിയും ആയതാകാം. എ.ഡി. 500-ാം ആണ്ടിൽ ചാലക്കുടി അടവൂർ ഗ്രാമത്തിന്റെ ഭാഗമായി അറിയപ്പെട്ടിരുന്നു. കൊച്ചി ഗ്രാമത്തിലെ അഞ്ച് കൈമൾമാരില്പെട്ട കോടശ്ശേരി കർത്താക്കന്മാരായിരുന്നു ഈ പ്രദേശത്തിന്റെ അധിപന്മാർ. ശക്തൻ തമ്പുരാൻ കാലഘട്ടത്തിൽ രാജ്യത്തുണ്ടായിരുന്ന നാടുവാഴികളുടെ അധികാരം അവസാനിപ്പിച്ച കർത്താക്കന്മാർ ജന്മിമാരും സാമന്തന്മാരുമായി മാറി. ശക്തൻ തമ്പുരാൻ കുന്നത്തങ്ങാടിയുമായി വാണിജ്യാവശ്യത്തിനായി പണ്ടകശാല പണിയുകയും ഏതാനും സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളെ കൊണ്ടുവന്ന് താമസിപ്പിക്കുകയും ചെയ്തു. കൊച്ചിരാജ്യത്തിന്റേതുപോലെ തന്നെ ചാലക്കുടിയുടെ വളർച്ചയും ശക്തൻ തമ്പുരാന്റെ കാലത്തായിരുന്നു. ചാലക്കുടി ബ്ലോക്കിൽ ഉൾപ്പെടുന്ന കാടുകുറ്റി, കൊരട്ടി, മേലൂർ, പരിയാരം, അതിരപ്പിള്ളി, കോടശ്ശേരി എന്നീ ഗ്രാമങ്ങൾ സ്വാതന്ത്ര്യ ലഭ്ദിക്ക് മുമ്പുവരെ ഒട്ടനവധി ജന്മികളുടെയും കോവിലകം തമ്പുരാക്കന്മാരുടെയും കൈപ്പിടിയിലായിരുന്നു. മലയോരഗ്രാമങ്ങളായ അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി എന്നിവയുടെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിൽ സുഗന്ധവ്യഞ്ജന കൃഷി വ്യാപകമായിരുന്നു. സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി തൊട്ടടുത്തുള്ള തുറമുഖമായ കൊടുങ്ങല്ലൂരിൽ നിന്നും പറങ്കികൾ ജലമാർഗ്ഗം ചാലക്കുടിയിലെത്തിയിരുന്നു. ഇവിടെ സ്ഥിരതാമസം ഉറപ്പിച്ച പറങ്കികളുടെ അവസാനക്കണ്ണികൾ ഇന്നും കാടുകുറ്റിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നു. പരാക്രമശാലിയായ ടിപ്പുസുൽത്താൻ തന്റെ പടയോട്ടത്തിനിടയിൽ ചാലക്കുടിയിലും എത്തിയിരുന്നതിന്റെ തെളിവുകൾ ഇന്നും കാണാവുന്നതാണ്.
ചരിത്രാതീതകാലം മുതൽ ഇവിടെ നിലനിന്നിരുന്ന ഫ്യൂഡൽ സമ്പ്രദായത്തിന്റെ പരിണതഫലമായി ജന്മികുടിയാൻ ബന്ധത്തിൽ അസ്വാരസ്യങ്ങളും സ്വരച്ചേർച്ച ഇല്ലായ്മകളും പലപ്പോഴും പുകഞ്ഞ് നിന്നിരുന്നു. 1930 പരിയാരത്ത് നടന്ന കർഷകസമരത്തെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. ഇതിനുശേഷവും കോടശ്ശേരി, മേലൂർ പ്രദേശങ്ങളിൽ ഇതിന്റെ അലയടികൾ അനുഭവപ്പെട്ടിരുന്നു.
ചാലക്കുടി പ്രസിദ്ധമായ ഒരു ബ്രാഹ്മണ സങ്കേതമായി അറിയപ്പെട്ടിരുന്നു. അയിത്തത്തിനെതിരെയുള്ള ഒട്ടനവധി സമരങ്ങൾക്ക് ചാലക്കുടി സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റേത് പ്രദേശമെന്നപ്പോലെ ചാലക്കുടിയിലും വിദ്യാഭ്യാസ കാര്യങ്ങളിൽ പാതിരിമാർ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അർണ്ണോസ് പാതിരി എന്ന് പ്രസിദ്ധനായ മിഷണറി ചാലക്കുടിയിലെ സെമിനാരി പറമ്പ് എന്ന സ്ഥലത്ത് മലയാളത്തിലെ ആദ്യത്തെ അച്ചുകൂടം സ്ഥാപിച്ചു. വിദ്യാഭ്യാസ ചിന്താഗതി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ ഇത് കാരണമായിട്ടുണ്ട്. സെമിനാരി സമ്പ്രദായം നിലനിന്നിരുന്ന കേരളത്തിൽ അതിനെതിരെ പോരാടാൻ ഇറങ്ങി തിരിച്ച ചാലക്കുടിയിലെ സാധാരണക്കാരായ പലരും പിന്നീട് ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കുകയായി. 1940ൽ ചാലക്കുടിയിലെ പുതുപ്പറമ്പിൽ നടന്ന യോഗത്തിൽ ഗാന്ധിജി പ്രസംഗിക്കുകയുണ്ടായി. വീറുള്ള ഒട്ടനവധി യുവജനങ്ങൾ വിപ്ലവപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവർക്ക് ആവേശം പകർന്ന് സമരമുഖത്തേക്ക് ആനയിക്കുന്നത് എ.കെ.ജി മുതലായവർ പരിയാരം തുടങ്ങിയ പ്രദേശത്ത് വന്ന് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.